Welcome to my Blog

Wednesday, 4 September 2019

ഇന്ത്യൻ മതേതരത്വവും ഫാസിസവും

ഇന്ത്യൻ മതേതരത്വവും ഫാസിസവും

മതേതരത്വവും ജനാധിപത്യവും  സംരക്ഷിക്കുവാനും ഫാസിസ്റ്റ് വർഗീയ ശക്തികളെ  ചെറുത്ത് തോൽപിക്കുവാനും മതേതര ശക്തികൾക്കേ സാധിക്കൂ...

ഇന്ത്യൻ ഭരണഘടനയുടെ  ആമുഖത്തിൽ ഒരു പ്രവാശ്യം മാത്രം സൂചിപ്പിച്ച  പദമാണ് മതേതരത്വം.  പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ഇറ്റാലിയൻ  ഡിപ്ലോമാറ്റിക്കായ നിക്കോളോ മാക്യവല്ലി ആണ്  മതേതരത്വത്തിന്റെ ഉപജ്ഞാതാവ്. ആ കാലഘട്ടത്തിൽ ഇറ്റാലിയൻ ഭരണകൂടം ക്രിസ്ത്യൻ മതത്തെ അവരുടെ പരമോന്നത മതമായി കാണുകയും പോപ്പിന്റെ വാക്ക് അന്തിമ വാക്കായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ നിക്കോളോ മാക്യവല്ലി പല രാജ്യങ്ങളിലേക്കും പോകുമ്പോൾ വേണ്ടരീതിയിൽ പരിഗണിച്ചിരുന്നില്ല. അതിന്റെ കാരണം മനസ്സിലാക്കിയ അദ്ദേഹം തന്റെ രാജ്യത്തെ മതത്തിന്റെ കെട്ട് നൂലാമാലകളിൽ നിന്നും മാറ്റുകയും മതത്തിന് ഭരണത്തിൽ ഒരു സ്ഥാനവുമില്ല എന്ന് കൽപ്പിച്ച് മതേതരത്വം കൊണ്ടുവരികയും ചെയ്തു. ഈ കാര്യം അദ്ദേഹത്തിന്റെ ‘ദ പ്രിൻസ്’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യയിൽ മതേതരത്വം  വെല്ലുവിളിക്ക്  വിധേയമാക്കപ്പെട്ടിരിക്കുകയാണ്.1950 ജനുവരി 26ന് പൂർണ റിപബ്ലിക് നേടിയ ഇന്ത്യാ മഹാരാജ്യം അതിന്റെ ഭരണഘടനയിൽ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന  ധ്വംസനങ്ങൾ എല്ലാം ചർച്ചക്ക് വിധേയമാക്കേണ്ടതാണ്. ഭരിക്കുന്ന പാർട്ടിയും സഖ്യകക്ഷികളും മാത്രമല്ല കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഭരണ സഖ്യത്തെയും മന്ത്രിമാരെയും നിയന്ത്രിക്കുന്ന പാർട്ടികളും സംഘപരിവാർ എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്ന അനേകം  പിന്തിരിപ്പൻ മത മൗലിക ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും ചേർന്നാണ് ഇന്ത്യൻ മതേതരത്വത്തേയും ബഹുസ്വരതയേയും നിത്യവും വെല്ലുവിളിക്കുന്നത്.

ലോകത്തിലെ മഹാ ഭൂരിപക്ഷം മനുഷ്യരും സമാധാനവും മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ ഫാസിസം നമ്മേ ഓർമിപ്പിക്കുന്നത് ഹിറ്റ്ലറേയും മുസോളനിയേയും മാത്രമല്ല,  സ്റ്റാലിനും  മാവോയും അതിന്റെ മറ്റൊരു മുഖങ്ങളാണ്. മനുഷ്യരെ കൂട്ടകൊലയ്ക്ക് വിധേയമാക്കിയ ഭരണാധികാരികളിൽ പെട്ടവരാണ് ഇവർ.കൊടും ക്രൂരതയുടെ പര്യായങ്ങളായി ഇവർ മാറി. അധികാരം കിട്ടിയ രാഷ്ട്രങ്ങളിൽ കമ്മ്യൂണിസ്റ്റ്കാരും ഹിറ്റ്ലറെ പോലെയാണ് പെരുമാറിയത് .അവകാശങ്ങൾക്ക് വേണ്ടി  സർക്കാറിനോട്   പൊരുതുന്നത് ജനാധിപത്യ സ്വഭാവമാണ്. എന്നാൽ അതേ അധികാരം ഉപയോഗിച്ച് അത്തരക്കാരെ അടിച്ചമർത്താൻ  ശ്രമിക്കുന്ന പ്രവണത ഏത്  ഭരണാധികാരിയിൽ ഉണ്ടായിരുന്നാലും അതെല്ലാം വർഗ്ഗീയവും  ഫാസിസ്റ്റ്  നയങ്ങളുമാണ്.

വ്യത്യസ്ത സിദ്ധാന്തങ്ങളെയും വീക്ഷണങ്ങളെയും ബഹുമാനിക്കാൻ കഴിയുന്നവർക്കേ ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ അവകാശമുള്ളൂ. മതേതരത്വവും മതസ്വാതന്ത്ര്യവും അതിൽ പെട്ടത് തന്നെയാണ്. എല്ലാ മതവിശ്വാസികൾക്കും തങ്ങളുടെ മതം അനുസരിച്ച്  ജീവിക്കുവാനും, ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുവാനും, അത് പ്രചരിപ്പിക്കുവാനും, അതല്ലാ ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യം നമുക്ക് ഇന്ത്യൻ ഭരണഘടന മൗലിക അവകാശങ്ങളായി നൽകുന്നുണ്ട്. മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും വളരെ അടുത്തുനിൽക്കുന്ന കാര്യങ്ങളാണ്. ഈ അവകാശങ്ങളെ ഉപയോഗപ്പെടുത്തുന്ന വരെ കുത്തി കൊലപ്പെടുത്തുകയും രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി ജയിലിലടക്കുന്ന പ്രവണതയും ആണ് രാജ്യത്തുള്ളത്. എന്നാൽ ഇന്ത്യൻ ഭരണകൂടവും ഫാസിസവും മതേതര രാജ്യമായ ഇന്ത്യയെ കാവി പുതപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് ഭരണതലപ്പത്ത് ഇരിക്കുന്നവർ വകവെച്ചുകൊടുക്കുന്ന പ്രവണത പരിഹാസ്യമാണ്. ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനുള്ള പരസ്യമായ  പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഇവർ. ഇതിനെതിരെ ശബ്ദമുയർത്തുന്ന എഴുത്തുകാരെയും വിദ്യാറ്ത്ഥി പ്രസ്ഥാനങ്ങളെയും അധികാരമുപയോഗിച്ച് അടിച്ചമർത്തപ്പെടുകയാണ്.അടിയന്തരാവസ്ഥ കാലത്തെ പോലും തോൽപ്പിക്കുന്ന രീതിയിൽ ഫാസിസത്തിന്റെ വിളയാട്ടം കണ്ട് ഇന്ത്യൻ ജനാധിപത്യം ലജ്ജിക്കുകയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെയും അവർണ്ണരെയും ആശങ്കപ്പെടുത്തുന്ന പ്രസ്താവനകൾ മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാൻഎന്ന് പറഞ്ഞു നോട്ട് നിരോധനം, രാജ്യം സാമ്പത്തിക അസമത്വത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും ഇരയാവുകയാണ് ഉണ്ടായത്. വർഗീയ പ്രവർത്തനങ്ങളുടെ വ്യാപ്തി, ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള കയ്യേറ്റം, അസഹിഷ്ണുത, സ്വേച്ഛാധിപത്യപ്രവണതകൾ, സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവിവൽക്കരണം തുടങ്ങി പട്ടിക നീളുകയാണ്. ബീഫ് നിരോധനം,മുസ്ലിം വോട്ടവകാശം റദ്ദാക്കൽ, ക്രിസ്ത്യൻ ചർച്ചകൾക്കും സഭകൾക്കും എതിരെയുള്ള അക്രമങ്ങൾ, മുത്തലാക്ക്, ഏകസിവിൽകോഡ്, സാമ്പത്തിക സംവരണം തുടങ്ങിയവ വർഗീയ വിഭാഗങ്ങളുടെ തന്ത്രമായി മാത്രമേ കാണാൻ സാധിക്കൂ. ഗാന്ധിജിക്ക് പകരം ഗോഡ്സയേ വാഴ്ത്തിക്കൊണ്ടുള്ള സംഭവങ്ങളും അരങ്ങേറി. ഇസ്ലാമിക പ്രബോധകനായ സാക്കിർ നായിക് നെയും, മതേതരവാദികളായ ടീസ്റ്റയേ പോലുള്ള മനുഷ്യാവകാശ പ്രവർത്തകരെയും കേസുകളിൽ കുടുക്കി. കോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ ഒരുനേരത്തെ അന്നത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുമ്പോഴും182 മീറ്റർ ഉയരമുള്ള പട്ടേൽപ്രതിമ 2989 കോടി രൂപ ചെലവാക്കി നിർമ്മിച്ച ഈ രാജ്യം മാതൃകയായി. സാമ്പത്തിക ഭദ്രതയുടെ മുദ്രയായ റിസർവ് ബാങ്ക് മുമ്പൊരിക്കലുമില്ലാത്ത വിധം വിശ്വാസ്യത ഇടിഞ്ഞ് റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ ആയിമാറി. ഇതെല്ലാം ജനാധിപത്യവും മതേതരത്വം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണങ്ങൾ മാത്രമാണ്.

 ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയും പുച്ഛിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും പ്രസ്താവനകൾക്കും എങ്ങനെയാണ് ഇന്ത്യയെ വളർച്ചയിലേക്ക് എത്തിക്കാൻ സാധിക്കുന്നത്. വികാരങ്ങളെ ഇളക്കിവിട്ട് വളർന്നുവന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ സാധിച്ചിട്ടില്ല എന്ന് തന്നെയാണ് മുൻകാല സംഭവങ്ങളും ചരിത്രങ്ങളും നമ്മെ ഓർമിപ്പിക്കുന്നത്.

 തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽ നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ പ്രത്യക്ഷ മാറ്റങ്ങളുണ്ടായത്. ബാബരി മസ്ജിദ് തകർത്ത ഹിന്ദുത്വ വർഗ്ഗീയ ഫാസിസം പരസ്യമായി രംഗപ്രവേശനം നടത്തിയതിന് ശേഷമുള്ള വർഷങ്ങളിൽ മുമ്പ് കണ്ടിട്ടില്ലാത്ത പലതരം പ്രതിസന്ധികളും പ്രശ്നങ്ങളും ആണ് രാഷ്ട്രം സാക്ഷിയായത്.

ഇന്ത്യയുടെ അന്തരീക്ഷത്തിൽ കൂടിക്കിടക്കുന്ന ബഹുസ്വര സംസ്കൃതിയും സൗന്ദര്യവും തകർക്കാൻ അണിയറയിലും അരങ്ങിലും കഠിനമായി പ്രവർത്തിക്കുന്നവരുടെ അക്രമങ്ങളിൽ നിന്നും ഇന്ത്യക്ക് മോചനം വേണം. രാഷ്ട്രീയ-സാമൂഹിക മതസംഘടനകൾ ഒന്നിച്ചുനിന്ന് അക്രമങ്ങളുടെ അനന്തര ഫലത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഫാസിസത്തെ ചെറുക്കാനുള്ള മാർഗ്ഗം. ഏതെങ്കിലും ഒരു മതത്തിന്റെ തത്വസംഹിതകൾ മതേതരത്വം രാഷ്ട്രീയമായ ഇന്ത്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ലോകത്ത് ഇന്നും തീരാതെ കലാപങ്ങൾ നടക്കുന്ന രാജ്യങ്ങളെ പോലെ നമ്മുടെ രാജ്യവും മാറും. അത്തരത്തിൽ വർഷങ്ങളായി തീരാത്ത ആഭ്യന്തര കലാപങ്ങൾ ഈ ജനാധിപത്യ-മതേതരത്വ ബഹുസ്വരസമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ......

ബാദുഷ ഫൈസൽ തൊടുപുഴ

7 comments: